പഠനം ജീവിതം ചില പാഠങ്ങൾ

By : മാതൃഭൂമി നഗരം | Posted on : July 23, 2011

പളുങ്കുപാത്രം പോലെ നിർമലമായ മനസ്സാണ് കുഞ്ഞുങ്ങളുടേത്. ചെറിയൊരു അശ്രദ്ധ ആ പളുങ്കു പാത്രത്തിൽ മായാത്ത പോറലുണ്ടാക്കും. കുഞ്ഞുമനസ്സുകളെ വേദനിപ്പിക്കാതെ അവരെ നല്ല വഴിക്ക് കൊണ്ടുവരാൻ നിരവധി മാർഗങ്ങളുണ്ട്. പക്ഷേ പലരും അതേകുറിച്ച് ബോധവാന്മാരല്ല. കുട്ടികളിലെ പഠനവൈകല്യങ്ങളും സ്വഭാവവൈകല്യങ്ങളും തിരിച്ചറിയാൻ കഴിയുന്നത് മാതാപിതാക്കൾക്കാണ്. ഇവരാകട്ടെ കുട്ടികളുടെ ഉപരിപഠനത്തിനുള്ള സമ്പാദ്യം ഇപ്പോഴേ സ്വരുക്കൂട്ടി വയ്‌ക്കുവാനുള്ള തിരക്കിലും. ഭാവിയിൽ ആരോഗ്യമുള്ള മനസ്സും ശരീരവും കുട്ടിക്കില്ലാതെ വന്നാൽ ഇവരെന്ത് ചെയ്യും. പരിതാപകരമായ ഈ അവസ്ഥയിൽ നിന്ന് കുട്ടികളെയും മാതാപിതാക്കളെയും കരകയറ്റാൻ മാതൃഭൂമി ഗൃഹലക്ഷ്‌മി വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും സെമിനാർ നടത്തി. സെമിനാറിൽ മൈത്രി സമാഗതയും ഡോ. ഗിരിജാ ബാലഗോപാലും ക്ലാസുകളെടുത്തു.

രാമവർമപുരം ഗവൺമെന്റ്‌ യു.പി.സ്‌കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി നടത്തിയ സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും പറയാനുള്ളതും ഇതുതന്നെയായിരുന്നു. കുട്ടികൾ പറഞ്ഞാൽ കേൾക്കുന്നില്ല, പഠിക്കുന്നതൊന്നും ഓർത്തുവെക്കുന്നില്ല ... തുടങ്ങി മാതാപിതാക്കൾക്ക് പറയാൻ നൂറല്ല കാര്യങ്ങൾ. വിദ്യാർത്ഥികൾക്കും പറയാനുള്ളത് ഓർമകുറവിനെ കുറിച്ച്.

അടങ്ങിയിരിക്കാനറിയാത്ത ബാല്യത്തിന്റെ വികൃതികളെ മനസ്സിലാക്കാനും കൂട്ടുകാരെപ്പോലെ പെരുമാറാനും മാതാപിതാക്കൾക്ക് കഴിയണം. അക്ഷരത്തെറ്റുകളും ഓർമ്മക്കുറവും തല്ലിനികത്താൻ നോക്കാതെ കാരണം കണ്ടെത്തുകയാണ് ചെയ്യേണ്ടത്. ചെറുപ്പത്തിൽ കുട്ടികൾക്കുണ്ടാകുന്ന വീഴ്‌ചകൾ അവരുടെ തലച്ചോറിനെവരെ ബാധിക്കാം. ഇത് പഠന വൈകല്യങ്ങളുണ്ടാക്കുകയും ചെയ്യും. അവരുടെ ഉറക്കം, ഓർമ, ഏകാഗ്രത എന്നിവ ശ്രദ്ധിച്ചാൽ അപാകങ്ങൾ മനസ്സിലാക്കാം. കമ്പ്യൂട്ടറിന്റെ അമിത ഉപയോഗവും മാതാപിതാക്കൾ ശ്രദ്ധിക്കണം. കൃത്യമായ പഠനരീതികളും ചിട്ടയുള്ള ജീവിതവും പഠിപ്പിക്കേണ്ടതും അവർ തന്നെയാണ്. വൃത്തിയും വെടിപ്പുമുള്ള വസ്‌ത്രധാരണവും സമീകൃത ആഹാരവും കുട്ടികളുടെ മാനസിക - ശാരീരിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

മറവിയാണ് കുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്നം. എത്ര പഠിച്ചിട്ടും കാര്യമില്ലെന്നാണിവർ പറയുന്നത്. ഏകാഗ്രതയോടെ പഠിക്കാനുള്ള മാർഗനിർദേശങ്ങളും ഓർമിക്കുവാനുള്ള എളുപ്പവഴികളും കുട്ടികൾക്ക് ഏറെ സഹായമായി. വ്യക്തിഗത കൗൺസലിങ് കുട്ടികളെ കൂടുതൽ സഹായിക്കുമെന്ന് സെമിനാർ നടത്തിയ മൈത്രി സമാഗത പറഞ്ഞു. വിദ്യാർത്ഥികളുടെ കുറവുകളും കുറ്റങ്ങളും ചിലപ്പോൾ അടുത്ത കൂട്ടുകാർക്കായിരിക്കും മാറ്റിയെടുക്കാൻ കഴിയുക. ആരോഗ്യമുള്ള മനസ്സോടെയുള്ള ഭാവിതലമുറയെ വാർത്തെടുക്കാൻ വിദ്യാർത്ഥികളും അധ്യാപകരും സമൂഹവും ഒത്തൊരുമിച്ച് പ്രയത്നിക്കണം.

- മാതൃഭൂമി നഗരം - 2011 ജൂലായ് 23 ശനിയാഴ്ച്ച

« Back to Index