പരീക്ഷപ്പേടി വേണ്ട

By : Mytri Samagata | Posted on : March 13, 2012

പരീക്ഷക്കാലം കുട്ടികൾക്കും മാതാപിതാക്കൾക്കും സമ്മർദ്ദത്തിന്റെ കാലമാണ്. ആശങ്കകളും പിരിമുറുക്കവും പരീക്ഷ നന്നായി എഴുതുന്നതിന് തടസ്സമാകുന്നുണ്ടോ? പരീക്ഷയെച്ചൊല്ലി ആധി പിടിക്കുന്നവർക്കായി ഇതാ ചില നിർദേശങ്ങൾ.

  • പരീക്ഷയെ "നേരിടുകയല്ല" - ശത്രുക്കളെയാണ് നാം നേരിടുന്നത്. കൃത്യമായി അടുക്കും ചിട്ടയോടും കൂടി തയ്യാറെടുത്ത വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം പരീക്ഷ ഒരു സുഹൃത്താണ്.
  • "എന്നെ തോൽപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ ഉള്ള ഒരേർപ്പാടാണ് പരീക്ഷ" എന്ന തോന്നൽ ഒഴിവാക്കുക. പഠിച്ച കാര്യങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരവസരമായി പരീക്ഷയെ കാണുക.
  • ഒരു പരീക്ഷയും ഒരവസാനവാക്ക് അല്ല. പരീക്ഷകൾ ജീവിതത്തിൽ വന്നുകൊണ്ടേയിരിക്കുന്നു, ക്ലാസ് മുറികൾക്കുള്ളിലാണെങ്കിലും വെളിയിലാണെങ്കിലും. അതുകൊണ്ട് ഒരു പരീക്ഷയെയും കുറിച്ച് ഭീതിപ്പെടേണ്ട കാര്യമില്ല.
  • "അറിയില്ല, പഠിച്ചു കഴിഞ്ഞില്ല" എന്നു പറഞ്ഞ് ഒരിക്കലും ഒരു പരീക്ഷയും ഒഴിവാക്കരുത്. അങ്ങനെ ചെയ്യുന്നത് നമ്മുടെ ഒളിച്ചോട്ട മനോഭാവം കൂട്ടുകയേ ഉള്ളൂ. ഓരോ പരീക്ഷ എഴുതിക്കഴിയുമ്പോഴും നാം മാനസികമായി കൂടുതൽ ശക്തരും ധൈര്യമുള്ളവരുമായി തീരുന്നു.
  • പഠിക്കാനിരിക്കുന്നതിന് തൊട്ടുമുൻപ് രണ്ടു മിനിറ്റ് കണ്ണടച്ചിരിക്കുക. ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്‌ത്‌ ശിരസ്സ് മുതൽ പാദം വരെ മനസ്സുകൊണ്ട് സ്‌നേഹത്തോടെ ഒന്ന് തലോടുക.ശരീരവും മനസ്സും പരിപൂർണ്ണമായ വിശ്രമാവസ്ഥയിലാണെന്ന് സ്വയം പറയുക. ഇത് നമ്മുടെ തലച്ചോറിനെ ആൽഫ തലത്തിലെത്തിക്കാൻ സഹായിക്കുന്നു. (നമ്മുടെ തലച്ചോറ് 8 മുതൽ 13.9 H2 എന്ന തരംഗ ദൈർഘ്യത്തിലെത്തുന്ന അവസ്ഥയാണ് ആൽഫ). ആൽഫ തലത്തിലാണ് നമുക്കേറ്റവും എളുപ്പത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പഠിക്കാൻ കഴിയുന്നത്.
  • ആൽഫ തലത്തിലെത്തിയതിന് ശേഷം സ്വയം മനസ്സിൽ പറയുക - "ഞാൻ മിടുക്കനാണ്, മിടുക്കിയാണ്. എനിക്ക് നല്ല ബുദ്ധിശക്തിയുണ്ട്, ഓർമ്മ ശക്തിയുണ്ട്, ആത്മവിശ്വാസമുണ്ട്. നാളത്തെ പരീക്ഷക്കുള്ള എല്ലാ പാഠഭാഗങ്ങളും ഞാൻ നല്ല പോലെ പഠിച്ചു കഴിഞ്ഞിരിക്കുന്നു. ഈ വിഷയത്തോട് എനിക്ക് നല്ല ഇഷ്ടമാണ്. ഈ വിഷയം എനിക്ക് വളരെ എളുപ്പമാണ്. ഒരു തവണ കൂടി വായിച്ചുനോക്കുന്നതോടെ പഠിച്ച എല്ലാ കാര്യങ്ങളും എനിക്കൊന്നുകൂടി ഉള്ളിൽ ഉറപ്പു വരുന്നതും പരീക്ഷയ്ക്ക് വളരെ മനോഹരമായി എഴുതാനും നല്ല മാർക്ക് വാങ്ങാനും കഴിയുന്നതാണ്. - ഇങ്ങനെ മനസ്സിൽ സ്വയം നിർദ്ദേശം കൊടുത്തശേഷം പഠനം ആരംഭിക്കുന്നത് "ഞാൻ തോറ്റുപോകുമോ" എന്നുള്ള അശുഭചിന്തകളെ അകറ്റാനും, മനസ്സിനെ ശാന്തവും ഏകാഗ്രവുമാക്കി ആത്മവിശ്വാസത്തോടെ പഠിക്കാനും സഹായിക്കും. പരീക്ഷാ ഹാളിലെ കൂൾ ഓഫ് ടൈമിലും ഈ രീതി അവലംബിക്കാം.
  • കഴിവതും തലേ ദിവസവും പരീക്ഷയ്ക്ക് തൊട്ടുമുൻപും പുതിയ വിഷയങ്ങൾ പഠിക്കുന്നത് ഒഴിവാക്കുക. പഠിച്ചു കഴിഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ഓടിച്ചു നോക്കുന്നതായിരിക്കും ഫലപ്രദം.
  • കിടക്കുന്നതിന് തൊട്ടുമുൻപ് അതുവരെ പഠിച്ച കാര്യങ്ങൾ ഒന്ന് കൂടി ഓടിച്ചുനോക്കുക. ഒരിക്കലും പഠിച്ചുകഴിഞ്ഞ ശേഷം കിടക്കുന്നതിന് മുൻപ് ടി.വി. കാണുകയോ കംപ്യുട്ടറിന് മുന്നിൽ ഇരിക്കുകയോ ചെയ്യരുത്. ഇത് അതുവരെ പഠിച്ചത് മറക്കാനേ സഹായിക്കൂ. അതേപോലെ ഉണർന്ന ഉടനെ തലേദിവസം പഠിച്ച കാര്യങ്ങൾ ഒന്നുകൂടി മറിച്ചുനോക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഈ പാഠഭാഗങ്ങൾ വളരെ പ്രാധാന്യത്തോടെ നമ്മുടെ തലച്ചോർ എടുത്ത് വയ്‌ക്കുന്നതിനും, പരീക്ഷയ്ക്ക് എളുപ്പത്തിൽ ഓർത്തെഴുതുന്നതിനും സഹായിക്കും.
  • പരീക്ഷയ്ക്ക് മുൻപുള്ള രാത്രി ഏറ്റവും കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക. കാരണം ആവശ്യത്തിന് വിശ്രമം കിട്ടിയ തലച്ചോറിന് മാത്രമേ നമ്മെ പരീക്ഷയിൽ സഹായിക്കാൻ കഴിയൂ.
  • നിർബന്ധമായും പ്രഭാതഭക്ഷണം കഴിക്കുക. പ്രഭാതഭക്ഷണം പരീക്ഷയെഴുതാനുള്ള ഊർജ്ജത്തിന് അത്യന്താപേക്ഷിതമാണ്.
  • ആവശ്യമെങ്കിൽ അമ്മമാർ പഠിക്കുന്ന സമയത്ത് കുട്ടികളോടൊപ്പം ഇരിക്കുക. ഇത് ചില കുട്ടികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായകമാകും.
  • പരീക്ഷാദിവസങ്ങളിൽ കഴിവതും വീട്ടിൽ ടി.വി.യും മറ്റും ഒഴിവാക്കുക; അച്ഛനമ്മമാർ തമ്മിലുള്ള വഴക്കുകളും !
  • സമ്മർദ്ദം കാരണം ചില കുട്ടികൾ നേരിയ വിഷാദരോഗത്തിന്റേയോ അമിത ഉത്കണ്ഠയുടെയോ ലക്ഷണങ്ങൾ കാണിച്ചേക്കാം. "ഞാനപ്പോഴേ പറഞ്ഞില്ലേ പഠിച്ചില്ലെങ്കിൽ അവസാനം ഗതി ഇതായിരിക്കുമെന്ന്" എന്ന് ശാസിച്ച് അവരുടെ ഉള്ള ആത്മവിശ്വാസം കൂടി കുറയ്‌ക്കാതിരിക്കുക. അത്യാവശ്യമെങ്കിൽ കൗൺസലറുടെ സഹായം തേടാം.
  • ഒരിക്കലും അവരുടെ പിന്നാലെ നടന്ന് "ഇനിയും പഠിച്ച് കഴിഞ്ഞില്ലേ? ഞാനിവനെക്കൊണ്ട് എന്ത് ചെയ്യും" എന്ന് പറഞ്ഞ് അവരുടെ ഉത്കണ്ഠയെ കൂട്ടാതിരിക്കുക.
  • നമ്മുടെ സ്വാഭാവികമായ ശ്രദ്ധാശേഷിയും ഏകാഗ്രതയും 20 മിനിറ്റ് മുതൽ അര മണിക്കൂർ വരെ മാത്രം നീണ്ടു നിൽക്കുന്നതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അത് കൊണ്ട് പഠനത്തിനിടയിൽ രണ്ട് മിനിറ്റ് വീതമുള്ള വിശ്രമവേളകളെടുത്ത് ശരീരത്തെയും മനസ്സിനേയും ശാന്തമാക്കിയ ശേഷം പഠനം പുനരാരംഭിക്കാം.

ഹാളിൽ

  • പരീക്ഷാ ഹാളിന് വെളിയിൽ നിന്ന് കൂട്ടുകാരോട് വെപ്രാളത്തോടെ "അത് പഠിച്ച് കഴിഞ്ഞോ, ഇത് പഠിച്ച് കഴിഞ്ഞോ" എന്ന് ചോദിക്കുന്നതിന് പകരം, പഠിച്ചു കഴിഞ്ഞ ഭാഗങ്ങൾ അന്യോന്യം പറഞ്ഞുറപ്പിക്കുക.
  • പരീക്ഷയ്‌ക്ക് മുൻപുള്ള കൂൾ ഓഫ് ടൈമിൽ നേരത്തെ സൂചിപ്പിച്ചത് പോലെ രണ്ട് മിനിറ്റെങ്കിലും കണ്ണടച്ച്, ശരീരത്തെയും മനസ്സിനെയും ശാന്തമാക്കി, പഠിച്ച എല്ലാ കാര്യങ്ങളും നല്ല പോലെ ഓർമ്മ വരുന്നതായും, ശാന്തമായിരുന്ന് പരീക്ഷ എഴുതുന്നതായും സങ്കൽപ്പിച്ച് ഉറപ്പിച്ചതിന് ശേഷം ചോദ്യക്കടലാസ് വായിച്ച് തുടങ്ങുക.
  • ചോദ്യക്കടലാസ് വളരെ ശാന്തമായി വായിച്ചു നോക്കുക. ഓരോ ചോദ്യം വായിക്കുമ്പോഴും "ഇതെനിക്ക് നന്നായി അറിയുന്നതാണല്ലോ" എന്ന് മനസ്സിൽ ഉരുവിടുക.
  • ഏറ്റവും എളുപ്പമുള്ളതും, അതേ പോലെ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്നതുന്നതുമായ ചോദ്യങ്ങളിൽ നിന്നും ഉത്തരമെഴുതിത്തുടങ്ങാം.
  • മാർക്കനുസരിച്ച് ഓരോ ചോദ്യവും ഇത്ര മിനിറ്റിനുള്ളിൽ എഴുതി തീർക്കണമെന്ന് ഉറപ്പിച്ച ശേഷം എഴുതാൻ തുടങ്ങുക. പോയിന്റുകൾ ആദ്യം കുറിക്കുക. ആവശ്യമുള്ള സ്ഥലങ്ങളിൽ അടിവരയിടുക.
  • നിശ്ചിത സമയത്തിന് പത്ത് മിനിറ്റ് മുൻപെങ്കിലും പരീക്ഷയെഴുതി തീർക്കാൻ ശ്രമിക്കുക. ഉത്തരക്കടലാസ് ഒന്നുകൂടി ഓടിച്ചുനോക്കാനും ഒന്നും വിട്ടുപോയിട്ടില്ലെന്ന് ഉറപ്പിക്കാനും സഹായിക്കും.
  • എഴുതിക്കഴിഞ്ഞ പരീക്ഷയെ കീറിമുറിച്ച് വിശകലനം ചെയ്യാതിരിക്കുക. അത് മാറ്റി വച്ച് ആത്മവിശ്വാസത്തോടെ അടുത്ത പരീക്ഷയ്ക്ക് തയ്യാറെടുക്കുക.

ടെൻഷനിൽ മുന്നിൽ ആൺകുട്ടികൾ

അങ്ങനെ കാത്തുകാത്തിരുന്ന പരീക്ഷക്കാലമിങ്ങെത്തി. ഇനി ചൂടിനൊപ്പം കൂടും ടെൻഷനും. അതിന് ആൺ-പെൺ വ്യത്യാസമില്ലെന്നത് ഇതുവരെയുള്ള അനുഭവം. എന്നാൽ ഇത്തവണ ചരിത്രം തിരുത്തേണ്ടി വരുമെന്ന് കണക്കുകൾ. കൗൺസലിങ് സെന്ററുകളിൽ ഈ പരീക്ഷക്കാലത്തെത്തിയ ഫോൺ കോളുകളിൽ മുക്കാൽ പങ്കും ആൺകുട്ടികളുടേതാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ രക്ഷിതാക്കൾക്കൊപ്പം നേരിട്ട് കൗൺസലിങ്ങിനെത്തുന്നവരിൽ കൂടുതൽ പെൺകുട്ടികളാണ്.

പരീക്ഷാ പേടിയും സമ്മർദ്ദവും തന്നെയാണ് പ്രശ്‌നങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. പഠിച്ചത് ഓർമ നിൽക്കുന്നില്ല, എഴുതുമ്പോൾ ഓർമ കിട്ടുമോ, പരീക്ഷയിൽ തോൽക്കുമോ തുടങ്ങിയ ഉത്കണ്ഠകളാണധികവും. മാനസിക സമ്മർദ്ദം മൂലം ക്ഷീണമനുഭവിക്കുന്നവരും കുറവല്ല. പണ്ടത്തെ പോലെ രക്ഷിതാക്കളെ പഠനകാര്യത്തിൽ കുട്ടികൾ ഭയക്കുന്നില്ല. എങ്കിലും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള സമ്മർദ്ദം ഇവരെ ഊടുത്താൽ ഉത്ക്കണ്ഠപ്പെടുത്തുന്നുണ്ട്. ചിലരെങ്കിലും തങ്ങളുടെ ബുദ്ധിമുട്ടുകൾ രക്ഷിതാക്കൾക്ക് മനസ്സിലാകുന്നില്ലെന്നും സമ്മതിക്കുന്നു.

എന്തുതന്നെയായാലും പരീക്ഷ നേരിട്ടേ പറ്റൂ. അതിനായി മനസ്സിനെ ഒരുക്കുക തന്നെയാണ് ടെൻഷൻ അകറ്റാനുള്ള ഏറ്റവും നല്ല പ്രതിവിധി. കുട്ടിക്ക് ഉത്ക്കണ്ഠ കൂടുതലെങ്കിൽ പിന്തുണയുമായി കൂടെയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താൻ രക്ഷിതാക്കൾ ശ്രമിക്കണം. ആത്മവിശ്വാസം കൂട്ടാൻ വീട്ടിൽ മാതൃകാ പരീക്ഷകൾ നടത്താം. ആവശ്യമെങ്കിൽ ടൈം മാനേജ്മെന്റിലും രക്ഷിതാക്കൾക്ക് സഹായം നൽകാം.

- മാതൃഭൂമി ദിനപ്പത്രം - 2012 മാർച്ച് 13

« Back to Index